ന്യൂഡൽഹി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ അനുകൂല നിലപാടുമായി കേന്ദ്രം. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ കേരളത്തിലെ എംപിമാരെ അറിയിച്ചു.
നദ്ദ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ പൂർത്തിയാക്കി കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലമാണ് എയിംസിനായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനായി 10 സ്ഥലങ്ങൾ നിർദേശിക്കാമെന്ന് കെ. മുരളീധരൻ എംപി നേരത്തെ അറിയിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
എയിംസ് സ്ഥാപിക്കുന്നതിലൂടെ കേരളത്തോട് ചേർന്നുകിടക്കുന്ന അതിർത്തി മേഖലകൾക്കും പ്രയോജനം ലഭിക്കണം. കൂടുതൽ ആളുകൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമായിരിക്കണം പരിഗണിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
എയിംസ് തൃശൂരിൽ വേണമെന്ന നിലപാട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ അഭിപ്രായപ്പെട്ടത് പ്രാദേശികവാദത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.